ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ അധ്യക്ഷതയിൽ 2008 സപ്തംബർ 18 നു നടന്ന യൂണിയൻ കാബിനറ്റ് സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റ് ചന്ദ്രയാൻ 2 ദൌത്യം അംഗീകരിച്ചത്. 12 നവംബർ 2007ൽ ഐ. എസ്. ആർ. ഓ-യുടേയും റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുടേയും (ROSKOSMOS) പ്രതിനിധികൾ ചന്ദ്രയാൻ 2 പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ഒരു കരാറിൽ ഒപ്പുവച്ചു. ഐ.എസ്.ആർ.ഓയ്ക്ക് പേടകത്തിന്റെയും റോസ്കോസ്മോസിന് ലാന്ററിന്റെയും റോവറിന്റെയും പ്രധാനചുമതല ലഭിച്ചു. ഇരു രാജ്യങ്ങളിലേയും ശാസ്ത്രജ്‍ഞന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പേടകത്തിന്റെ രൂപകൽപ്പന ആഗസ്റ്റ് 2009 ആയപ്പോഴേയ്ക്കും അവസാനിച്ചു. എന്നാൽ റഷ്യക്ക് നിശ്ചിത സമയത്ത് ലാൻഡർ വികസിപ്പിച്ചെടുക്കാൻ സാധിച്ചില്ല.[11][12] പിന്നീട് റഷ്യ ഈ ചാന്ദ്രദൗത്യത്തിൽ നിന്ന് പിന്മാറുകയും ഇന്ത്യ സ്വതന്ത്രമായി ഈ ദൗത്യം പൂർത്തിയാക്കുവാൻ തീരുമാനിക്കുകയും ചെയ്യ്തു.[13][14]